
ദുബായ്: ലോകത്ത് ആകമാനം ഉണ്ടായിരിക്കുന്ന അസമാധാന സാഹചര്യം കണക്കിലെടുത്ത് ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ദുബായില്‍ ക്രൈസ്തവ സഭാനേതാക്കള്‍ ഒത്തുചേര്‍ന്നു. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ നടന്ന ‘ദേശീയ എക്യുമെനിക്കല്‍ സമാധാന പ്രാര്‍ത്ഥന’ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വേദി കൂടെയായി മാറി.സമാധാനം എന്നത് കേവലം മനുഷ്യനിര്‍മിതമായ ഒന്നല്ലെന്നും അത് ദൈവത്തില്‍ നിന്നുള്ള ദാനമാണെന്നും സതേണ്‍ അറേബ്യന്‍ അപ്പസ്തോലിക് വികാരി ബിഷപ് പോളോ മാര്‍ട്ടിനെല്ലി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നല്ല ബന്ധങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും സമൂഹത്തില്‍ സമാധാനം നട്ടുവളര്‍ത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിഖ്യാ വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് ആരംഭിച്ച ശുശ്രൂഷയില്‍ വിവിധ ഭാഷകളിലും ആരാധനാക്രമങ്ങളിലും ഉള്ള പ്രാര്‍ത്ഥനകള്‍ ഉള്‍ച്ചേര്‍ത്തു. ഗള്‍ഫ് ചര്‍ച്ചസ് ഫെലോഷിപ്പിന്റെയും അപ്പസ്തോലിക് വികാരിയേറ്റിന്റെയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബിഷപ് മെസ്രോബ് സര്‍ക്കിസിയന്‍ (അര്‍മേനിയന്‍ സഭ), ആര്‍ച്ചുബിഷപ് അബൂനെ ഡിമെട്രോസ് (എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ), ബിഷപ് ഷോണ്‍ സെമ്പിള്‍ (ആംഗ്ലിക്കന്‍ സഭ), ആര്‍ക്കിമാന്‍ഡ്രൈറ്റ് ഫാ. ഇഷാഖ് സഖൂര്‍ (ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ), ഫാ. മിന ഹന്ന (കോപ്റ്റിക് സഭ) എന്നിവര്‍ പങ്കെടുത്തു.
Report : Manoj Mathew (Associate Editor) – gospeltvnews
