
ശൂരനാട്: ശവസംസ്കാരവുമായി ബന്ധപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് പെന്തക്കോസ്റ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ശൂരനാട് പഞ്ചായത്ത് ഓഫീസിലേക്ക് ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. പ്രതീകാത്മകമായി ശവപ്പെട്ടിയുമായാണ് പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനമായി എത്തിയത്.പെന്തക്കോസ്റ്റ് വിശ്വാസികളുടെ ശവസംസ്കാരത്തിനുള്ള അവകാശം സംരക്ഷിക്കണമെന്നും, വർഷങ്ങളായി നിലനിൽക്കുന്ന ശവസംസ്കാര സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിശ്വാസികളുടെ അടിസ്ഥാന അവകാശങ്ങളും മാന്യമായ ശവസംസ്കാരത്തിനുള്ള അവകാശവും നിഷേധിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ വ്യക്തമാക്കി.യുണൈറ്റഡ് പെന്തക്കോസ്റ്റ് കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ, ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോൺ, ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം, പാസ്റ്റർ സാബു കല്ലുപ്പാറ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.ശവസംസ്കാരത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനും വിഷയത്തിൽ നീതിപൂർവമായ പരിഹാരം ഉണ്ടാകുന്നതിനുമായി സമരപരിപാടികൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് യുണൈറ്റഡ് പെന്തക്കോസ്റ്റ് കൗൺസിൽ നേതാക്കൾ അറിയിച്ചു.
gospeltvnews : 9451787589
