
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ സംസ്ഥാന പൊലീസ് മേധാവി ടോമിൻ ജെ. തച്ചങ്കരിക്ക് കോട്ടയം വിജിലൻസ് കോടതി നാല് വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 30,84,892 രൂപ പിഴയും കോടതി ചുമത്തി. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. വിധിക്ക് പിന്നാലെ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. 64.70 ലക്ഷം രൂപയുടെ സ്വത്തും സാമ്പത്തിക വിഭവങ്ങളും അറിയപ്പെടുന്ന വരുമാനവുമായി പൊരുത്തപ്പെടാത്ത വിധം സമ്പാദിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. അന്വേഷണത്തിൽ സ്വത്ത് വരുമാനത്തെക്കാൾ 135.80 ശതമാനം കൂടുതലാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. കേസിൽ 96 സാക്ഷികളെയും 271 രേഖകളെയും പ്രോസിക്യൂഷൻ ഹാജരാക്കിയതായി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് അറിയിച്ചു. തച്ചങ്കരിയുടെ പേരിലുള്ള നിരവധി സ്വത്തുക്കൾ, ഭാര്യയ്ക്ക് നൽകിയതായി പറയുന്ന 52 ലക്ഷം രൂപയുടെ സമ്മാനം, വിദേശയാത്രകളുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവയും പ്രോസിക്യൂഷൻ തെളിവുകളായി ചൂണ്ടിക്കാട്ടി. ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് തച്ചങ്കരി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇളവ് അനുവദിച്ചില്ല. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
