
മൂന്നാർ: ക്രൈസ്തവ സമൂഹത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും അവകാശസംരക്ഷണത്തിനും സാമൂഹികവും ആത്മീയവുമായ വെല്ലുവിളികളെ കൂട്ടായ്മയിലൂടെ നേരിടുന്നതിനും പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആഹ്വാനം ചെയ്ത് ക്രിസ്ത്യൻ ഐക്യവേദി ദേവികുളം താലൂക്ക് പ്രവർത്തക സമ്മേളനം നടന്നു.
മൂന്നാർ ഐപിസി ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ക്രിസ്ത്യൻ ഐക്യവേദി ഇടുക്കി ജില്ലാ പ്രസിഡന്റ് പാസ്റ്റർ ജയ്സൺ ഇടുക്കി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ സമ്മേളനം ഉദ്ഘാടനം ചെയ്തു.ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ, മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാസ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ സംരക്ഷണം, സാമൂഹിക രംഗത്തെ ക്രൈസ്തവരുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയായി. വിവിധ സഭകളിലും ക്രൈസ്തവ സംഘടനകളിലും പ്രവർത്തിക്കുന്നവരെ ഒരുമിപ്പിച്ച് പൊതുവായ വിഷയങ്ങളിൽ ഐക്യത്തോടെ ഇടപെടേണ്ടതിന്റെ ആവശ്യകതയും യോഗം വിലയിരുത്തി.എ. എം. ലാലു, അഡ്വ. ജോൺ ലി ജോഷി തുടങ്ങിയ ക്രിസ്ത്യൻ നേതാക്കൾ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക, നിയമപരമായ അറിവ് പ്രവർത്തകരിലേക്ക് എത്തിക്കുക, പൊതുസമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുക തുടങ്ങിയ വിഷയങ്ങൾക്ക് ക്ലാസുകളിൽ പ്രാധാന്യം നൽകി.ക്രിസ്ത്യൻ ഐക്യവേദി വിവിധ സഭകളിലെയും സംഘടനകളിലെയും വിശ്വാസികളെയും നേതൃത്വങ്ങളെയും ഒരു പൊതുവേദിയിൽ അണിനിരത്തി ക്രൈസ്തവ ഐക്യം വളർത്തുന്നതിനും സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ കൂട്ടായ നിലപാട് സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ്. അവകാശസംരക്ഷണം, പരസ്പര സഹകരണം, സാമൂഹിക നീതി, മതസൗഹാർദം, വിശ്വാസസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവത്കരണവും സംഘടനാപരമായ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും സമ്മേളനം ഉയർത്തിക്കാട്ടി.
gospeltvnews :9451787589
