
തൊടുപുഴ: ശൂരനാട്ടിൽ പെന്തക്കോസ്ത് വിശ്വാസികൾ പതിറ്റാണ്ടുകളായി സെമിത്തേരിയായി ഉപയോഗിച്ചുവരുന്ന ഭൂമിയിൽ മൃതദേഹം സംസ്കരിക്കുന്നതിന് തടസ്സം നേരിട്ട സംഭവത്തിൽ ക്രിസ്ത്യൻ ഐക്യവേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ ഉത്തരവാദികളായ വ്യക്തികൾക്കും ഇവർക്ക് ഒത്താശ ചെയ്തതായി ആരോപിക്കപ്പെടുന്ന അധികാരികൾക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ സംഘടന തീരുമാനിച്ചതായി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ അറിയിച്ചു.1960 മുതൽ ശൂരനാട്ടെ പെന്തക്കോസ്ത് വിഭാഗം ഉപയോഗിച്ചുവരുന്നതും 1978-ൽ പേരിൽ കൂട്ടി കൈവശംവെച്ച് സെമിത്തേരിയായി ഉപയോഗിച്ചുവന്നതുമായ ഭൂമിയിൽ, വസ്തുതാവിരുദ്ധമായ പരാതി നൽകി തടസ്സങ്ങൾ സൃഷ്ടിച്ചെന്നാണ് സംഘടനയുടെ ആരോപണം. ഇതിന്റെ ഫലമായി മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടായതായും ക്രിസ്ത്യൻ ഐക്യവേദി ചൂണ്ടിക്കാട്ടി.മരിച്ച വ്യക്തിയുടെ ഭൗതികശരീരത്തോടും കുടുംബാംഗങ്ങളുടെ വികാരങ്ങളോടും അനാദരവ് പ്രകടിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി.
മൃതദേഹം സംസ്കരിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെട്ട സംഭവത്തിൽ നീതി ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട അധികാരികളുടെ നടപടികൾ പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് വിവിധ പെന്തക്കോസ്ത് സഭാ പ്രതിനിധികളുമായി ആശയവിനിമയം നടത്തി വരികയാണെന്നും ഇക്കാര്യത്തിൽ ഉടൻതന്നെ തുടർനടപടികൾ തീരുമാനിക്കുമെന്നും പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ തൊടുപുഴയിൽ അറിയിച്ചു.ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യവും മതപരമായ ആചാരങ്ങളും സെമിത്തേരികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അവകാശങ്ങളും സംരക്ഷിക്കുന്നതിനായി നിയമപരമായ മാർഗങ്ങളിലൂടെ ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
