
നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കെഎസ്ഇബി പരിധിയിൽ രണ്ടാഴ്ചയോളമായി നിലനിന്ന വോൾട്ടേജ് പ്രശ്നത്തിന് പരിഹാരമായതായി കെഎസ്ഇബി ജീവനക്കാർ അറിയിച്ചു.പ്രശ്നത്തിന്റെ യാഥാർഥ്യം മനസ്സിലാക്കുന്നതിനായി ക്രൈസ്തവധാര പത്രത്തിന്റെ നെടുങ്കണ്ടം റിപ്പോർട്ടറും യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (യുപിസി) ഉടുമ്പൻചോല യൂണിറ്റ് വൈസ് പ്രസിഡന്റുമായ ബിധുമോൻ ജോസഫ് കെഎസ്ഇബി ഓഫീസ് നേരിട്ട് സന്ദർശിച്ച് ജീവനക്കാരുമായി സംസാരിച്ചു.രണ്ടാഴ്ചയ്ക്കു മുമ്പ് ഒരു ട്രാൻസ്ഫോമറിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും വോൾട്ടേജ് പ്രശ്നം അനുഭവപ്പെട്ടതായി ജീവനക്കാർ വിശദീകരിച്ചു. തുടർന്ന്, പ്രശ്നത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി രാവും പകലും വ്യത്യാസമില്ലാതെ കെഎസ്ഇബി ജീവനക്കാർ പരിശ്രമിക്കുകയുണ്ടായി. ഇതിനിടെ ഒരു വീട്ടിലെ വൈദ്യുതി മീറ്റർ കത്തിപ്പോയതായും കണ്ടെത്തിയിരുന്നു.പിന്നീടും വോൾട്ടേജ് വ്യതിയാനങ്ങൾ ഉണ്ടായതിനെത്തുടർന്ന് വീണ്ടും ലൈനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. തുടർച്ചയായ പരിശോധനകൾക്കും ഇടപെടലുകൾക്കും ഒടുവിൽ വോൾട്ടേജ് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞതായി കെഎസ്ഇബി ജീവനക്കാർ ബിധുമോൻ ജോസഫിനെ അറിയിച്ചു.പ്രശ്നം പരിഹരിക്കുന്നതിനായി രാത്രിയും പകലും പരിശ്രമിച്ച കെഎസ്ഇബി ജീവനക്കാരുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ വോൾട്ടേജ് പ്രശ്നത്തിന് പരിഹാരമായതോടെ പ്രദേശവാസികൾക്ക് ആശ്വാസമായി.
റിപ്പോർട്ട്: ബിധുമോൻ ജോസഫ്, നെടുങ്കണ്ടം
.
