
നെടുങ്കണ്ടം: ഗാന്ധിജയന്തിയോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയ്ക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (യുപിസി) ഇടുക്കി–ഉടുമ്പൻചോല യൂണിറ്റിന്റെ നേതൃത്വത്തിൽ സന്ദേശയാത്ര സംഘടിപ്പിച്ചു.രാവിലെ ഒമ്പതിന് നെടുങ്കണ്ടം ടൗണിൽനിന്ന് ആരംഭിച്ച യാത്ര പാമ്പാടുംപാറ, പുളിയൻമല, അണക്കര, എട്ടാം മൈൽ, ചെല്ലാർകോവിൽ, ചേറ്റുകുഴി തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം ആറോടെ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശങ്ങൾ നൽകി.
വിശുദ്ധ ബൈബിളിന്റെ അധ്യാപനങ്ങളെ അടിസ്ഥാനമാക്കി ലഹരി ഉപയോഗം വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ച് യാത്രയ്ക്കിടെ വിശദീകരിച്ചു. ലഹരിയുടെ പിടിയിൽനിന്ന് യുവതലമുറയെ സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം വളർത്തുന്നതിനും സമൂഹം കൂട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രസംഗകർ ചൂണ്ടിക്കാട്ടി.യുപിസി ഉടുമ്പൻചോല യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജപ്പൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ ബിധുമോൻ ജോസഫ്, ജോയിന്റ് ട്രഷറർ പാസ്റ്റർ മുരളീധരൻ, ബ്രദർ ജെമുവേൽ എം.പി. എന്നിവർ സന്ദേശയാത്രയ്ക്ക് നേതൃത്വം നൽകി.പാസ്റ്റർ രാജപ്പൻ, പാസ്റ്റർ മുരളീധരൻ, പാസ്റ്റർ ബിധുമോൻ ജോസഫ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകി. ലഹരിക്കെതിരായ സാമൂഹിക ബോധവൽക്കരണവും യുവജനങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ടായിരുന്നു സന്ദേശയാത്ര സംഘടിപ്പിച്ചത്.
