
വൈക്കം: പെന്തക്കോസ്ത് ഉൾപ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങൾ ഭിന്നിച്ചുനിൽക്കുന്നത് മുതലെടുത്ത് അവരുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കാനും മതസ്വാതന്ത്ര്യം ഹനിക്കാനും ചില സംഘടിത ശക്തികൾ ശ്രമിക്കുന്നതായി ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരുടെ പൗരാവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുകയും ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടാകുകയും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സഭാവ്യത്യാസമില്ലാതെ ക്രൈസ്തവ-പെന്തക്കോസ്ത് വിഭാഗങ്ങളെ ഏകോപിപ്പിച്ച് സംസ്ഥാനവ്യാപകമായി ക്രിസ്ത്യൻ ഐക്യവേദി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി വൈക്കം താലൂക്ക് പ്രവർത്തക സമ്മേളനം തലയോലപ്പറമ്പിൽ ചേർന്നു. സമ്മേളനത്തിൽ പാസ്റ്റർ സുനിൽ വേട്ടമല അധ്യക്ഷത വഹിച്ചു.ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സി. എ. ജോസ് നിയമബോധന ക്ലാസ് നയിച്ചു.ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും അവകാശസംരക്ഷണവും ലക്ഷ്യമിട്ട് കോട്ടയം ജില്ലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് സമ്മേളനത്തിൽ അറിയിച്ചു.
