
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ അനുവദിക്കുന്നതിനും സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആവശ്യമായ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ, നിർമ്മാണ നിയന്ത്രണങ്ങൾ, നീരൊഴുക്ക് തടസ്സങ്ങൾ, കർഷകർ നേരിടുന്ന പ്രതിസന്ധികൾ, കൃഷിയിടങ്ങളിലെ വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനും കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കർഷകരുടെ സഹകരണ ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കുടിയേറ്റ മേഖലയിലെ വിവിധ പ്രതിസന്ധികൾക്കും അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.ചെറുതോണിയിലെ പാർട്ടി ഓഫീസിൽ നടന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, സംസ്ഥാന നേതാക്കളായ തോമസ് പെരുമന, വർഗീസ് വെട്ടിയാങ്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി സജി, സജി പി. ജോസ്, സംസ്ഥാന സെക്രട്ടറി ബെന്നി പുതുപ്പാടി, ജില്ലാ സെക്രട്ടറി കെ.കെ. വിജയൻ, കെ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വർഗീസ് സക്കറിയ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിനു ജോൺ ഇലവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ മേഖലകളിലെ നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
റിപ്പോർട്ടർ: ബിധുമോൻ ജോസഫ്, നെടുങ്കണ്ടം
