
തൊടുപുഴ: രാജ്യത്തെ കോടതി വിധികളും നിയമങ്ങളും എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന കാര്യം പലരും വിസ്മരിക്കുകയാണെന്ന് ക്രിസ്ത്യൻ ഐക്യവേദി. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നിയമലംഘനങ്ങൾ വർധിച്ചുവരികയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ക്രിസ്ത്യൻ ഐക്യവേദി മുട്ടം പഞ്ചായത്ത് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കൂടക്കച്ചിറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈസ്തവ-പെന്തെക്കോസ്ത് വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ, സെമിത്തേരികൾ എന്നിവയ്ക്കെതിരെ ചിലർ വസ്തുതാവിരുദ്ധമായ പരാതികൾ നൽകുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുമ്പോൾ, അധികാരികൾ പലയിടങ്ങളിലും പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉച്ചഭാഷിണി പോലും ഉപയോഗിക്കാതെ വീടുകളിൽ പ്രാർത്ഥിച്ചാൽ പോലും ശബ്ദമലിനീകരണം ആരോപിച്ച് ഉപദ്രവങ്ങൾ അഴിച്ചുവിടുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ അധികാരികൾ ഇനിയും കണ്ണടച്ചാൽ, അധികൃതരുടെ കണ്ണുതുറപ്പിക്കാൻ ക്രിസ്ത്യൻ ഐക്യവേദി ശക്തമായ പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജയ്സൺ ഇടുക്കി അധ്യക്ഷത വഹിച്ചു. റവ. ജോണിച്ചൻ ഡി, റവ. ഡോ. എം. ഡി. ഡാനിയേൽ, പാസ്റ്റർ കെ. സി. ബാബു, ക്രൈസ്തവധാര ഇടുക്കി ജില്ലാ ബ്യൂറോ ചീഫ് പാസ്റ്റർ ബിനു പുന്നൂസ് എന്നിവർ സംസാരിച്ചു.
