
മുണ്ടക്കയം: ക്രൈസ്തവ, പെന്തക്കോസ്ത് വിഭാഗങ്ങൾ നേരിടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്ന നീതിനിഷേധ നടപടികൾക്കെതിരെ നിയമപരമായും സംഘടനാപരമായും മുന്നോട്ടുപോകാൻ ക്രിസ്ത്യൻ ഐക്യവേദി കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി തീരുമാനിച്ചു.കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ സുനിൽ വേട്ടമലയുടെ അധ്യക്ഷതയിൽ മുണ്ടക്കയം ടൗൺ ചർച്ച് ഓഫ് ഗോഡ് ഹാളിൽ ചേർന്ന യോഗം ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ ഉദ്ഘാടനം ചെയ്തു. സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
ക്രൈസ്തവ സമൂഹവും പെന്തക്കോസ്ത് സഭകളും നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ, നീതിനിഷേധങ്ങൾക്കെതിരെ നിയമപരമായ മാർഗങ്ങളിലൂടെ ഇടപെടുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളെക്കുറിച്ച് അഭിപ്രായങ്ങൾ ഉയർന്നു.പാസ്റ്റർ മാത്യു പി. ഡേവിഡ്, പാസ്റ്റർ ജെയ്സൺ ഇടുക്കി, പാസ്റ്റർ റെജിമോൻ ടി.പി. എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ക്രൈസ്തവ സമൂഹത്തിന്റെ അവകാശസംരക്ഷണത്തിനും നീതി ഉറപ്പാക്കുന്നതിനുമായി കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു.
