
നെടുങ്കണ്ടം: ലഹരിമുക്ത കുടുംബങ്ങളും സമാധാനപൂർണമായ സമൂഹവും ലക്ഷ്യമിട്ട് നെടുങ്കണ്ടം ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ചിന്റെ നേതൃത്വത്തിൽ ഉടുമ്പൻചോല താലൂക്കിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രാർത്ഥനാ യജ്ഞവും സംഘടിപ്പിക്കുന്നു. 2026 നവംബർ 14ന് ആരംഭിക്കുന്ന പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ബിധുമോൻ ജോസഫ് നെടുങ്കണ്ടം നേതൃത്വം നൽകും.
ഉടുമ്പൻചോലയിലെ വിവിധ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് പ്രതിസന്ധിയിലായ കുടുംബങ്ങൾക്കായി പ്രത്യേക പ്രാർത്ഥന നടത്തുന്നതിനും വർധിച്ചുവരുന്ന സാമൂഹിക അക്രമങ്ങളുടെ പശ്ചാത്തലത്തിൽ നാടിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിനുമാണ് പ്രഥമ പരിഗണന നൽകുന്നത്.വിവിധ ഗ്രാമപ്രദേശങ്ങളിൽ ദൈവവചനം പ്രസംഗിക്കുന്നതിനൊപ്പം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തും. ലഹരിയുടെ പിടിയിൽനിന്ന് കുടുംബങ്ങളെയും യുവതലമുറയെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനും ആത്മീയ ഉണർവിലൂടെ സമാധാനപൂർണമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.പ്രാർത്ഥനാ യജ്ഞത്തിലും ബോധവൽക്കരണ പ്രവർത്തനങ്ങളിലും സഹകരിക്കാനും പങ്കെടുക്കാനും താൽപര്യമുള്ള എല്ലാ ദൈവദാസന്മാരെയും ശുശ്രൂഷകരെയും സംഘാടകർ ഹൃദയപൂർവം സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്തത്തിനുമായി 9446774933 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
