
തൊടുപുഴ: ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ സാമൂഹിക പ്രശ്നങ്ങളിലും നിരപരാധികളായ പാസ്റ്റർമാർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തുന്നതായുള്ള പരാതികളിലും നിയമപരമായ ഇടപെടലുകൾ ശക്തമാക്കണമെന്ന് യുണൈറ്റഡ് പെന്തക്കോസ്റ്റൽ കൗൺസിൽ (UPC) ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ ആവശ്യപ്പെട്ടു.യുണൈറ്റഡ് പെന്തക്കോസ്റ്റൽ കൗൺസിലിന്റെ ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ മ്രാലയിലെ ഹോളി ഫയർ ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ വൈസ് പ്രസിഡന്റ് രാജു കുഴിമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വ്യാജപരാതികൾ മൂലം നിരപരാധികൾ പ്രയാസങ്ങൾ നേരിടുന്ന സാഹചര്യം ഒഴിവാക്കാനും എല്ലാ പരാതികളിലും നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മതസ്വാതന്ത്ര്യം, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പാസ്റ്റർമാർക്കും സഭാ നേതൃത്വത്തിനുമെതിരെ ഉയരുന്ന പരാതികൾ, മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടക്കുന്നതായുള്ള ആരോപണങ്ങൾ, വിശ്വാസികൾ നേരിടുന്ന വിവിധ സാമൂഹിക വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ ക്രൈസ്തവ സംഘടനകൾ ഐക്യത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനൊപ്പം നിയമപരമായ മാർഗങ്ങളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അർഹരായവർക്ക് നീതി ലഭ്യമാക്കാനും UPC സജീവമായി ഇടപെടണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.UPC ദേശീയ ട്രഷറർ സുരൻ സിനായി, ദേശീയ സെക്രട്ടറി പുന്നൂസ് തൊടുപുഴ, പാസ്റ്റർമാരായ സാം മാത്യു, രാജപ്പൻ, എബ്രഹാം ജേക്കബ്, തങ്കച്ചൻ, ബിതുമോൻ ജോസഫ്, ഡേവിഡ് ഈ.കെ. എന്നിവർ പ്രസംഗിച്ചു.
