മതപരിവർത്തനം ചെയ്തവർക്ക് സംവരണം ഇല്ലാത്തത് നീതി നിഷേധം

ന്യൂഡൽഹി: ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് ഭരണഘടനാപരമായ പട്ടികജാതി പദവിക്കും നിയമ പരിരക്ഷയ്ക്കും അർഹതയുണ്ടാവില്ലെന്ന് മാർച്ച് 24-ന് സുപ്രീം കോടതി ആവർത്തിച്ചു. ഇത്തരത്തിൽ മതം മാറുന്നവർക്ക് പട്ടികജാതിക്കാർക്കായുള്ള പ്രത്യേക ആനുകൂല്യങ്ങളോ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള സംരക്ഷണമോ അവകാശപ്പെടാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ വിധി.

ആന്ധ്രാപ്രദേശ് സ്വദേശിയായ വ്യക്തി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹർജിക്കാരൻ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഒരു പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ ചില തീവ്ര സംഘടനകളുടെ ഭാഗമായവർ അതിക്രമിച്ചുകയറുകയും ദേഹോപദ്രവമേൽപ്പിക്കുകയും ഉണ്ടായിരുന്നു. തുടർന്ന് വധഭീഷണിനേരിട്ടതും ചൂണ്ടിക്കാട്ടി അദ്ദേഹം പരാതിനൽകുകയായിരുന്നു. എന്നാൽ, തനിക്കെതിരെയുണ്ടായ ആക്രമണത്തിൽ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുക്കണമെന്ന അദ്ദേഹത്തിൻ്റെ ആവശ്യം കഴിഞ്ഞ വർഷം ആന്ധ്ര ഹൈക്കോടതിയും ഇപ്പോൾ സുപ്രീം കോടതിയും തള്ളുകയാണുണ്ടായത്. ക്രിസ്തുമതത്തിലേക്ക് മാറിയതോടെ ഇദ്ദേഹത്തിന്റെ പട്ടികജാതി പദവി നിയമപരമായി ഇല്ലാതായെന്ന് കോടതി ചൂണ്ടിക്കാട്ടി.

1950-ലെ ഭരണഘടനാ (പട്ടികജാതി- പട്ടികവർഗ്ഗ) ഉത്തരവ് പ്രകാരം ഹിന്ദു മതവിശ്വാസികൾക്ക് മാത്രമാണ് പട്ടികജാതി പദവി അനുവദിച്ചിരുന്നത്. പിന്നീട് 1956-ൽ സിഖ് മതക്കാരെയും 1990-ൽ ബുദ്ധ മതക്കാരെയും ഇതിൽ ഉൾപ്പെടുത്തി. എന്നാൽ ക്രിസ്ത്യൻ, ഇസ്‌ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ നിയമമനുസരിച്ച്, ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിലല്ലാത്ത ഒരാൾക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ സാധിക്കില്ലെന്ന വസ്തുത കോടതി ആവർത്തിച്ചു.

ഒരാൾ തന്റെ മതം ഉപേക്ഷിച്ച് ക്രൈസ്‌തവ വിശ്വാസം സ്വീകരിക്കുമ്പോൾ, പഴയ ജാതി പദവിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ തുടരാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
മതപരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി നൽകുന്നത് സംബന്ധിച്ച വിഷയം നിലവിൽ കേന്ദ്ര സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ കമ്മീഷന്റെ പരിഗണനയിലാണെങ്കിലും, നിലവിലെ നിയമസാഹചര്യത്തിൽ മതം മാറിയവർക്ക് സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനാവില്ലെന്നതാണ് കോടതിയുടെ നിലപാട്.

RECENT POSTS

CATEGORIES

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify