
രണ്ട് കാറുകളിൽ കടത്താൻ ശ്രമിച്ച സംഘം പിടിയിൽ; നാലുപേർ അറസ്റ്റിൽതേനി: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 190 കിലോഗ്രാം കഞ്ചാവ് തമിഴ്നാട്ടിലെ തേനി ജില്ലയിൽ ഗൂഡല്ലൂരിൽ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.കമ്പം–കുമളി റോഡിൽ ഗൂഡല്ലൂർ നോർത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വൻതോതിലുള്ള കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് കാറുകളിൽ നിന്നായി 95 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഓരോ പാക്കറ്റിലും ഏകദേശം രണ്ട് കിലോഗ്രാം വീതം കഞ്ചാവുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.അറസ്റ്റിലായവരിൽ രാമനാഥപുരം സ്വദേശിയായ മുത്തുപ്പാണ്ടി (25), സായൽകുടി സ്വദേശികളായ മുഹമ്മദ് അനീഫ (45), അലിയാർ (46), കടലാടി അപ്പനൂർ വെസ്റ്റ് സ്ട്രീറ്റ് സ്വദേശിയായ ഈശ്വരമൂർത്തി (34) എന്നിവരാണുള്ളത്. കേസുമായി ബന്ധപ്പെട്ട് കാളീശ്വരൻ (34) എന്നയാളെക്കൂടി പൊലീസ് അന്വേഷിച്ചുവരികയാണ്.പിടികൂടിയ കഞ്ചാവിന് ഏകദേശം ഒരു കോടി രൂപയുടെ വിപണി വില കണക്കാക്കുന്നതായി റിപ്പോർട്ടുണ്ട്. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും കേരളത്തിൽ ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. സംഘത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരുന്നു.ഗൂഡല്ലൂർ–കുമളി പാതയിലൂടെ കേരളത്തിലേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
gospeltvnews -9451787589
