പെരുമ്പാവൂർ: കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗിംഗിന് ഇരയാക്കിയെന്ന പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കുറുപ്പുംപടി പോലീസ് ഉറപ്പുനൽകിയതായി ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ അറിയിച്ചു.വിദ്യാർത്ഥിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചതായുമുള്ള ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ ഐക്യവേദിയും പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി ഉൾപ്പെടെയുള്ള വിവിധ സാമൂഹിക പ്രവർത്തകരും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ കുറുപ്പുംപടി പോലീസ് അധികൃതരുമായി നടത്തിയ ചർച്ചയിൽ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ഉറപ്പുനൽകിയതായി അറിയിച്ചു.തുടർന്ന് സെപ്റ്റംബർ 21ന് വിദ്യാർത്ഥിയുടെ മാതാവും ബന്ധുക്കളും കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്ടറെ നേരിൽ കണ്ട് പരാതി സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. നീതിപൂർവമായ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് ക്രിസ്ത്യൻ ഐക്യവേദി ആലോചിച്ചിരുന്ന പ്രതിഷേധ പരിപാടികൾ തൽക്കാലം മാറ്റിവെച്ചതെന്ന് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ പറഞ്ഞു.പരാതിയിൽ പോലീസ് സ്വീകരിക്കുന്ന തുടർനടപടികൾ നിരീക്ഷിക്കുമെന്നും, വിദ്യാർത്ഥിക്കും കുടുംബത്തിനും നീതി ഉറപ്പാക്കുന്നതിനായി ആവശ്യമായ ഇടപെടലുകൾ തുടരുമെന്നും ക്രിസ്ത്യൻ ഐക്യവേദി വ്യക്തമാക്കി.
Gospeltvnews – 9451787589
