
ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ ഗുരുതരമായ കോക്പിറ്റ് ആക്രമണത്തിനിടെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗുരുതരമായി പരിക്കേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെയും ജീവനക്കാരെയും ഇടപെടാൻ അവസരമൊരുക്കിയ പൈലറ്റിന്റെ ധൈര്യത്തെ നെതന്യാഹു പ്രശംസിച്ചു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിലായിരുന്നു സംഭവം. 174 യാത്രക്കാരുമായി പറന്ന വിമാനത്തിൽ ഭൂരിഭാഗവും ഇസ്രായേൽ പൗരന്മാരായിരുന്നു. യാത്രയ്ക്കിടെ സഹപൈലറ്റുമായി ഉണ്ടായ ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചറിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് വിമാനം അതിവേഗം താഴേക്ക് പതിക്കുകയും അടിയന്തര സാഹചര്യം ഉണ്ടാകുകയും ചെയ്തു.പരിക്കേറ്റ അവസ്ഥയിലും ക്യാപ്റ്റൻ മച്ചർ കോക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും അകത്ത് പ്രവേശിച്ച് ആക്രമണകാരിയെ കീഴ്പ്പെടുത്താൻ സഹായിച്ചു. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും പിന്നീട് സുരക്ഷിതമായി ഇസ്രായേലിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.“ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിന്റെ അസാധാരണ ധൈര്യത്തിന് എന്റെ ആദരം” എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം ചെറുത്തുനിൽക്കുകയും കോക്പിറ്റ് വാതിൽ തുറക്കുകയും ചെയ്തതിലൂടെ യാത്രക്കാരെയും ജീവനക്കാരെയും ആക്രമണകാരിയെ കീഴ്പ്പെടുത്താൻ സഹായിച്ചതായും അതുവഴി വലിയൊരു വിമാനദുരന്തം ഒഴിവാക്കാൻ സാധിച്ചതായും നെതന്യാഹു വ്യക്തമാക്കി.
174 പേരുടെ ജീവൻ രക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.സംഭവത്തിനുശേഷം ക്യാപ്റ്റൻ മച്ചർ സൗദി അറേബ്യയിലെ തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലഭ്യമായ വിവരമനുസരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരതയുള്ളതാണെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും ക്യാപ്റ്റൻ മച്ചറിന് നന്ദി അറിയിച്ചു. ആക്രമണസമയത്ത് യാത്രക്കാരുടെ സഹായത്തോടെ പ്രതിസന്ധി മറികടക്കാൻ നടത്തിയ ഇടപെടലിന് നാല് യാത്രക്കാർക്ക് പ്രസിഡന്റിന്റെ സിവിലിയൻ ധീരതാ മെഡൽ ശുപാർശ ചെയ്യുമെന്നും ഹെർസോഗ് അറിയിച്ചു.ഇന്ത്യൻ പൈലറ്റിന്റെ ധൈര്യവും യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും കൂട്ടായ ഇടപെടലുമാണ് ഗുരുതരമായ സാഹചര്യം വലിയ ദുരന്തമായി മാറാതിരിക്കാൻ സഹായിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
