
ചേറ്റുകുഴി: (ഇടുക്കി ജില്ല)ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമങ്ങളിൽ പ്രധാനപ്പെട്ട ചേറ്റുകുഴിയിൽ വിവിധ പെന്തക്കോസ്ത്, ഇവാഞ്ചലിക്കൽ സഭകൾ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന സെമിത്തേരിയുടെ മതിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കൂട്ടായ സഹകരണത്തോടെയാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.വാർഡ് മെമ്പർ പി.ടി. വർക്കി പന്തല്ലൂർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിനുവിന്റെ നിർദേശത്തിലും വിവിധ സഭകളെ പ്രതിനിധീകരിക്കുന്ന സെമിത്തേരി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.സെമിത്തേരി കമ്മിറ്റിയെ പ്രതിനിധീകരിച്ച് പാസ്റ്റർ കെ.കെ. തങ്കച്ചൻ, ഫാദർ ജോൺസൺ, പാസ്റ്റർ സജി ശമുവേൽ, പാസ്റ്റർ എ.എം. ലാലു, പാസ്റ്റർ വി.വൈ. തമ്പി തുടങ്ങിയ പാസ്റ്റർമാരും പുരോഹിതന്മാരും സഭാ പ്രതിനിധികളും പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
വ്യത്യസ്ത സഭാ വിഭാഗങ്ങളിൽപ്പെട്ടവർ പരസ്പര സഹകരണത്തോടെയും സൗഹാർദത്തോടെയും പൊതുസമൂഹത്തിന് ആവശ്യമായ ഒരു പ്രവർത്തനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് മാതൃകയാണെന്ന് ക്രിസ്ത്യൻ ഐക്യവേദി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ പറഞ്ഞു.സെമിത്തേരിയുടെ സംരക്ഷണത്തിനും പുനർനിർമ്മാണത്തിനുമായി ഒരുമിച്ച് പ്രവർത്തിക്കുന്ന ചേറ്റുകുഴിയിലെ പെന്തക്കോസ്ത്, ഇവാഞ്ചലിക്കൽ ഉൾപ്പെടെയുള്ള വിവിധ ക്രൈസ്തവ സഭകളിലെ പാസ്റ്റർമാരെയും പുരോഹിതന്മാരെയും വിശ്വാസികളെയും ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ക്രിസ്ത്യൻ ഐക്യവേദി അഭിനന്ദിച്ചു.വ്യത്യസ്ത സഭാ പാരമ്പര്യങ്ങളിൽപ്പെട്ടവർ പൊതുവായ ആവശ്യങ്ങൾക്കായി കൈകോർക്കുന്നത് ക്രൈസ്തവ ഐക്യത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മികച്ച മാതൃകയാണെന്നും ഐക്യവേദി അഭിപ്രായപ്പെട്ടു.
