
കൊല്ലം : പത്തനംതിട്ട ജില്ലയിലെ ആറന്മുള പോലീസ് സ്റ്റേഷനിൽ പ്രവർത്തിയെടുക്കുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനായ വിവേകിന്റെ കൊല്ലം അഞ്ചലിലുള്ള വീട്ടിൽ ഉണ്ടായ ആക്രമണം അത്യന്തം ഹീനവും ജനാധിപത്യവിരുദ്ധവുമാണ്. ഇരുട്ടിൻറെ മറവിൽ നടന്ന ആക്രമണത്തിൽ വിവേകിന്റെ ഇരുചക്ര വാഹനം പൂർണമായും അഗ്നിക്ക് ഇരയാക്കുകയും,കുടുംബാംഗങ്ങൾക്ക് അപകടം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീട്ടിലേക്ക് കരി ഓയിൽ ഒഴിക്കുകയും ചെയ്തത് വഴി വിവേകിനും, മാതാപിതാക്കൾക്കും പരിക്ക് പറ്റുന്ന സാഹചര്യവും ഉണ്ടായി. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി ചെയ്ത പ്രവർത്തിയുടെ പേരിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിനെ ഒന്നാകെ തന്നെ ആക്രമിക്കുകയും,വാഹനം ഉൾപ്പെടെ കത്തിച്ച് വീടിനു കേടുപാടുകൾ വരുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ഈ പ്രവർത്തി അത്യന്തം ഗുരുതരമാണ്.നാടിൻ്റെ പൊതുസമാധാനവും ക്രമസമാധാനവും കാത്തു സൂക്ഷിക്കുന്നതിന് ജനാധിപത്യവ്യവസ്ഥിതി നിയമംമൂലം ചുമതലപ്പെടുത്തിയ തൊഴിൽ വിഭാഗമാണ് പോലീസ്. പ്രതിഷേധത്തിനുള്ള ജനാധിപത്യ അവകാശമെന്ന പേരിൽ പോലീസിനെതിരായി നടക്കുന്ന വലിയ ആക്രമണങ്ങൾ സമീപകാലങ്ങളിൽ വർദ്ധിച്ച് വരുന്നത് ആശങ്കാജനകമാണ്. സമര കേന്ദ്രങ്ങളിൽ ക്രമസമാധാന പാലനം നിർവ്വഹിച്ചതിൻ്റെ പേരിൽ പോലീസുദ്യോഗസ്ഥരുടെ വീടുകളിലടക്കം മാർച്ച് ചെയ്തും, ഇരുട്ടിൻ്റെ മറവിൽ ആക്രമണങ്ങൾ നടത്തിയും നിയമപാലകർ എന്ന ഒറ്റക്കാരണത്താൽ പോലീസ് ഉദ്യോഗസ്ഥരെയും കുടുംബത്തെയും കായികമായി ആക്രമിക്കുന്ന പ്രവണതകളും ഒരു ജനാധിപത്യ സമൂഹത്തിന് യോജിച്ച പ്രവർത്തിയല്ല എന്ന് മാത്രമല്ല തികച്ചുംജനാധിപത്യ വിരുദ്ധവുമാണെന്ന് പറയാതെ വയ്യ.ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി തന്നിൽ അർപ്പിതമായ ഡ്യൂട്ടി നിർവ്വഹിച്ചതിന്റെ പേരിൽ അവരെ ശാരീരികമായും മാനസീകമായും ആക്രമിച്ചും ഒറ്റതിരിഞ്ഞ് ഭീഷണിപ്പെടുത്തിയും സേനയുടെ ആത്മവീര്യവും അതിലൂടെ നാടിന്റെ ക്രമസമാധാനവും ഇല്ലാതാക്കാനുള്ള ശ്രമം ജനാധിപത്യ കേരളത്തിൽ വിലപോകില്ല. ഇത്തരം ആക്രമണങ്ങളെ ജനാധിപത്യ സമൂഹം തള്ളിക്കളയേണ്ടതാണ്. ഈ ആക്രമണത്തിൽ ഭാഗഭാക്കായ സാമൂഹ്യവിരുദ്ധരായ അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും, ഭാവിയിൽ നിയമപാലനം നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനും, ഡ്യൂട്ടി ചെയ്യുന്നതിന്റെ പേരിൽ ഉണ്ടായേക്കാവുന്ന ഇത്തരം അക്രമണങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബഹു. ഡിപ്പാർട്ട്മെന്റിനോടും, ബഹു. സർക്കാരിനോടും കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി അഭ്യർത്ഥിക്കുന്നു.സുധീർ ഖാൻ .എസംസ്ഥാന ജനറൽ സെക്രട്ടറി,കേരളാ പോലീസ് അസോസിയേഷൻ .
gospeltvnews :9451787589
