
ഉപ്പുതറ: ക്രൈസ്തവ, പെന്തക്കോസ്ത് വിഭാഗങ്ങൾ നേരിടുന്ന നീതിനിഷേധങ്ങൾക്കെതിരെ ഒരുമിച്ച് പോരാടാൻ ക്രിസ്ത്യൻ ഐക്യവേദി ഉപ്പുതറ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. 2026 സെപ്റ്റംബർ 29 ചൊവ്വാഴ്ച ചപ്പാത്ത് SFC ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി. വർക്കി യോഗം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ പെന്തക്കോസ്ത് വിഭാഗങ്ങൾ വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളും അവകാശനിഷേധങ്ങളും യോഗം ചർച്ച ചെയ്തു. ഇത്തരം വിഷയങ്ങളിൽ ഐക്യത്തോടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി.ക്രിസ്ത്യൻ ഐക്യവേദി നേതാക്കളായ പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ, പാസ്റ്റർ ജയ്സൺ ഇടുക്കി, പാസ്റ്റർ വി. ജെ. തോമസ്, പാസ്റ്റർ ജോയി ദേവസ്യ, സജി മാത്യു എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ അവകാശസംരക്ഷണത്തിനും നീതി ഉറപ്പാക്കുന്നതിനുമായി കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം ആഹ്വാനം ചെയ്തു.
