
പുന്നപ്ര: ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യതകളെയും വിവിധ തൊഴിൽ മേഖലകളെയും കുറിച്ച് അവബോധം നൽകുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ തല കരിയർ എക്സ്പോയായ ‘മിനി ദിശ’ നവംബർ 25, 26, 27 തീയതികളിൽ പുന്നപ്ര അറവുകാട് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.2018 മുതൽ സംസ്ഥാനത്ത് സംഘടിപ്പിച്ചുവരുന്ന ‘ദിശ ഹയർ സ്റ്റഡീസ് എക്സ്പോ’യുടെ ഭാഗമായാണ് മിനി ദിശ സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ നടത്തിയിരുന്ന പരിപാടി ഈ വർഷം മുതൽ ജില്ലയിൽ ഒരു കേന്ദ്രത്തിൽ മാത്രമായാണ് സംഘടിപ്പിക്കുന്നത്. ദേശീയതലത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും മികച്ച തൊഴിൽ ആസൂത്രണത്തിന് സഹായിക്കുന്നതിനുമാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാർഷിക സർവകലാശാല, കേരള സർവകലാശാല എന്നിവയുടെ സ്റ്റാളുകൾ, കരിയർ കൗൺസിലിംഗ്, സി.ജി ആൻഡ് എ.സി.യുടെ പവർ ബ്രിഗേഡ് പ്രോജക്ട്, വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സെമിനാർ, കെ-ഡാറ്റ് അഭിരുചി പരീക്ഷ എന്നിവ എക്സ്പോയുടെ ഭാഗമായി ഒരുക്കും. എയർഫോഴ്സ്, ഫയർഫോഴ്സ്, എൻ.സി.സി. തുടങ്ങിയ യൂണിഫോം സർവീസുകളിലെ അവസരങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാം.നവംബർ 25 ബുധനാഴ്ച രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മഹേന്ദ്രൻ എക്സ്പോ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ അധ്യക്ഷത വഹിക്കും. സി.ജി ആൻഡ് എ.സി. ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്റർ ഹസീന ബീവി എ. സ്വാഗതം ആശംസിക്കും. സ്കൂൾ മാനേജർ ബിനീഷ് ബോയ് മുഖ്യപ്രഭാഷണം നടത്തും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ്, സി.ജി ആൻഡ് എ.സി. സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. അസിം സി.എം. എന്നിവർ വിശിഷ്ടാതിഥികളാകും.കരിയർ സ്റ്റാൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുധയും പവർ ബ്രിഗേഡ് സ്റ്റാൾ ഹയർസെക്കൻഡറി ആലപ്പുഴ ജില്ലാ അക്കാദമിക് കോ-ഓർഡിനേറ്റർ രാജേഷ് ജെയും ഉദ്ഘാടനം ചെയ്യും. ഹയർസെക്കൻഡറി അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (അക്കാദമിക്) മുഹമ്മദ് സാബിർ സാഹിബ് ആമുഖപ്രഭാഷണം നടത്തും. വിവിധ മേഖലകളിലെ പ്രമുഖർ ആശംസകൾ അറിയിക്കും. ഷിബിമോൾ വി. നന്ദി പറയും.
നവംബർ 27ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമാപന സമ്മേളനം അമ്പലപ്പുഴ എം.എൽ.എ. ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ബിനീഷ് ബോയ് അധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ആർ. സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാഹുൽ ആർ. വിശിഷ്ടാതിഥിയാകും. വിവിധ മേഖലകളിലെ പ്രമുഖർ ആശംസകൾ അറിയിക്കും. സി.ജി ആൻഡ് എ.സി. ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്റർ ഹസീന ബീവി എ. കൃതജ്ഞത രേഖപ്പെടുത്തും.ഹസീന ബേബി, റംലത്ത് എസ്., റാണി എം.എസ്., ഡോ. അർച്ചന ദേവി ടി., പ്രമീള കുമാരി എസ്., ബിന്ദു ആർ., പി.കെ. ഉമാദേവ്, മുഹമ്മദ് സാബിർ സാഹിബ്, ഷിബിമോൾ വി. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.മൂന്നു ദിവസങ്ങളിലായി നടക്കുന്ന എക്സ്പോ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന്റെയും തൊഴിൽ മേഖലയുടെയും പുതിയ സാധ്യതകൾ നേരിട്ട് പരിചയപ്പെടാനും ഭാവി കരിയർ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളാനും സഹായകമാകും.
