
നെടുങ്കണ്ടം: വനിതാ കർഷകർക്ക് ജൈവ ഉത്പാദനോപാധികളുടെ നിർമാണത്തിൽ തൊഴിൽപരമായ അറിവും നൈപുണ്യവും പകരുന്നതിനായി പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം വാഴവര കോഫി ബോർഡ് ഫീൽഡ് ഓഫീസുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു.ഏലം ഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസറും മേധാവിയുമായ ഡോ. നിമിഷ മാത്യൂസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കാർഷിക വിജ്ഞാന വ്യാപന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിമി അഷറഫ് പരിശീലനത്തിന് നേതൃത്വം നൽകി.മണ്ണിര കമ്പോസ്റ്റ് നിർമാണം, ചാണകവും വേപ്പിൻപിണ്ണാക്കും ചേർന്ന മിശ്രിതത്തിൽ ട്രൈക്കോഡെർമ സമ്പുഷ്ടീകരണം, അസോള ഉത്പാദനം തുടങ്ങിയ വിഷയങ്ങളിൽ വനിതാ കർഷകർക്ക് പ്രായോഗിക പരിശീലനം നൽകി. കൃഷിയിടങ്ങളിൽ ആവശ്യമായ ജൈവ ഉത്പാദനോപാധികൾ സ്വയം നിർമിക്കുന്നതിനും അതുവഴി അധിക വരുമാനമാർഗം കണ്ടെത്തുന്നതിനും വനിതാ കർഷകരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.കോഫി ബോർഡ് വാഴവര ഫീൽഡ് ഓഫീസ് സീനിയർ ലെയ്‌സൺ ഓഫീസർ ആർ. ശുഭ നന്ദി പറഞ്ഞു.കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രത്തിൽ മണ്ണിര കമ്പോസ്റ്റ്, മണ്ണിര, സമ്പുഷ്ടീകരിച്ച ട്രൈക്കോഡെർമ, അസോള, മത്തി-ശർക്കര മിശ്രിതം തുടങ്ങിയ ജൈവ ഉത്പാദനോപാധികൾ നിർമിക്കുന്ന യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ സർവകലാശാല നിശ്ചയിച്ച നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.റിപ്പോർട്ടർ: പാസ്റ്റർ ബിധുമോൻ ജോസഫ്, നെടുങ്കണ്ടം
pl
