
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂതനാശയ സംരംഭകരെയും വ്യവസായ പ്രമുഖരെയും നിക്ഷേപകരെയും ഒരേ വേദിയിൽ അണിനിരത്തി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ 2026-ന് കോവളത്ത് തുടക്കമായി. കേരളത്തെ ആഗോള സ്റ്റാർട്ടപ്പ് നിക്ഷേപത്തിന്റെയും സംരംഭകത്വത്തിന്റെയും പ്രധാന കേന്ദ്രമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു. വ്യവസായ, ഐടി, ഫ്യൂച്ചർ ടെക്നോളജി, സ്റ്റാർട്ടപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബെൽജിയം അംബാസഡർ സോഫി കാൾഷൗസൻ പ്രത്യേക പ്രഭാഷണം നടത്തി.മൂന്നു ദിവസം നീണ്ടുനിൽക്കുന്ന എട്ടാമത് പതിപ്പിൽ 4,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ, 150-ലധികം നിക്ഷേപകർ, 300-ലധികം വിദഗ്ധ പ്രഭാഷകർ എന്നിവരടക്കം വൻ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 76 വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരും 50-ലധികം ഏഞ്ചൽ നിക്ഷേപകരും പങ്കെടുക്കുന്ന ഇൻവെസ്റ്റ്മെന്റ് ട്രാക്ക് സംരംഭകർക്ക് നിക്ഷേപം കണ്ടെത്താനും പുതിയ ബിസിനസ് പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും അവസരമൊരുക്കും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ബയോടെക്നോളജി, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യരംഗത്തെ നൂതന കണ്ടുപിടിത്തങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രദർശനങ്ങളും പാനൽ ചർച്ചകളും പരിപാടിയുടെ ഭാഗമായി നടക്കും. കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുന്നതിനും യുവസംരംഭകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഹഡിൽ ഗ്ലോബൽ നിർണായക വേദിയാകുമെന്നാണ് പ്രതീക്ഷ.
