
അടിമാലി: ഇടുക്കി അടിമാലി മച്ചിപ്ലാവിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പാസ്റ്റർ ബിനോയിക്ക് സുവിശേഷ വിരോധികളുടെ ഭീഷണി നേരിടേണ്ടിവന്നതായി പരാതി. മതപരിവർത്തനം ആരോപിച്ച് അധികൃതർക്ക് പരാതി നൽകിയതിനെത്തുടർന്ന് സംഭവം പോലീസ് സ്റ്റേഷനിലെത്തി.വിവരമറിഞ്ഞ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ അംഗം സാം അടിമാലി പോലീസ് സ്റ്റേഷനിലെത്തി പാസ്റ്റർ ബിനോയിക്ക് പിന്തുണയുമായി ഒപ്പം നിന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ ഇടുക്കി ജില്ലാ പ്രസിഡന്റ് പാസ്റ്റർ ബിധുമോൻ ജോസഫ് വിഷയം ദേശീയ പ്രസിഡന്റ് ബാബു പറേത്തുകാട്ടിലിന്റെ ശ്രദ്ധയിൽപ്പെടുത്തി.തുടർന്ന് ദേശീയ പ്രസിഡന്റ് പോലീസ് അധികാരികളുമായി ഫോണിൽ ബന്ധപ്പെടുകയും പാസ്റ്റർ ബിനോയിയുടെ ഭാഗം വിശദീകരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പരാതിക്കാർ പരാതിയിൽനിന്ന് പിന്മാറിയതായാണ് വിവരം.സംഭവത്തെത്തുടർന്ന് ആശങ്കയിലായിരുന്ന പാസ്റ്റർ ബിനോയിയും കുടുംബവും പിന്നീട് സുരക്ഷിതമായി മടങ്ങി. പ്രതിസന്ധി ഘട്ടത്തിൽ സുവിശേഷ പ്രവർത്തകനും കുടുംബത്തിനും പിന്തുണയും സഹായവും ഉറപ്പാക്കാൻ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ നേതൃത്വം നടത്തിയ ഇടപെടൽ ശ്രദ്ധേയമായി.
