
**റാന്നി:** ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങൾക്ക് കൂടുതൽ സർക്കാർ സഹായം ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചുവരികയാണെന്ന് കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും ഒറ്റപ്പെട്ടുപോകുന്നവർക്കും താങ്ങും തണലുമാകുന്ന ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെ നേതൃത്വത്തിൽ റാന്നി അഞ്ചുകുഴിയിലെ പ്രത്യാശാ ഭവനിൽ സംഘടിപ്പിച്ച **“ആരും ഒറ്റയ്ക്കല്ല – കരുതലിന്റെ ഒരു സമൂഹം നമുക്ക് പടുത്തുയർത്താം”** എന്ന സന്ദേശമുയർത്തിയ സെമിനാറും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “മാറുന്ന സമൂഹത്തിൽ മാനുഷിക ബന്ധങ്ങളുടെ പ്രസക്തി” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.സുവിശേഷകൻ തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. റാന്നി എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് മുഖ്യസന്ദേശം നൽകി. പ്രത്യാശാ ഭവൻ ഡയറക്ടർ റവ. വർഗീസ് കെ. മാത്യു, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, ഷാജി തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
സാമൂഹിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യർ തമ്മിലുള്ള സ്നേഹം, കരുതൽ, സഹാനുഭൂതി, പരസ്പരസഹായം എന്നിവയുടെ പ്രാധാന്യം സെമിനാറിൽ ചർച്ചയായി. വ്യക്തികേന്ദ്രീകൃതമായ ജീവിതശൈലി ശക്തിപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് പിന്തുണ നൽകുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും പരിപാടി ചൂണ്ടിക്കാട്ടി.അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിക്കുകയും ആവശ്യസമയങ്ങളിൽ സഹായഹസ്തം നീട്ടുകയും ചെയ്യുന്ന ഒരു കരുതലുള്ള സമൂഹം കെട്ടിപ്പടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന ആഹ്വാനത്തോടെയാണ് സമ്മേളനം ശ്രദ്ധേയമായത്.ചടങ്ങിൽ വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെ നേതൃത്വത്തിൽ ചീഫ് വിപ്പ് അപു ജോൺ ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
