
ബറ്റാല, പഞ്ചാബ്: പഞ്ചാബിലെ ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് പാസ്റ്റർ ബൽവിന്ദർ പാൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒക്ടോബർ 8ന് രാവിലെ സ്വന്തം വീട്ടിൽവെച്ചാണ് ആക്രമണമുണ്ടായത്. വീട്ടിൽ തന്നെയാണ് പാസ്റ്റർ ബൽവിന്ദർ പാൽ ചർച്ച് പ്രവർത്തനം നടത്തിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ.പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ഗാന്ധി ക്യാമ്പ് സ്വദേശിയായ നരേഷ് കുമാർ പാസ്റ്ററുടെ വീട്ടിൽ പ്രവേശിച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതായാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ പാസ്റ്റർ ബൽവിന്ദർ പാലിനെ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നരേഷ് കുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയും CCTV ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ പറയുന്നു.കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ മതപരമായ ഉദ്ദേശ്യമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
