
കട്ടപ്പന: പെന്തക്കോസ്ത് സമൂഹത്തിലെ ഒരു പാസ്റ്ററെ അനാശാസ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽ പോലീസ് പിടികൂടിയെന്ന രീതിയിൽ ‘രാഷ്ട്രനാളം’ ഫെയ്സ്ബുക്ക് ന്യൂസിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് ക്രിസ്ത്യൻ ഐക്യവേദി നിയമനടപടികളിലേക്ക്.കട്ടപ്പനയിൽ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം പോലീസ് രേഖകളിൽ ഉണ്ടായിരിക്കേണ്ടതാണെന്ന നിലപാടിലാണ് ക്രിസ്ത്യൻ ഐക്യവേദി. ഇതിന്റെ ഭാഗമായി കട്ടപ്പന പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോൾ, പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷൻ എസ്.എച്ച്.ഒ അറിയിച്ചതായി ക്രിസ്ത്യൻ ഐക്യവേദി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ പറഞ്ഞു.തുടർന്ന് കട്ടപ്പന പോലീസ് സ്റ്റേഷനിലും ഇടുക്കി സൈബർ പോലീസ് സ്റ്റേഷനിലും ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നൽകി. കട്ടപ്പന മുനിസിപ്പൽ ചെയർമാൻ, ഇടുക്കി എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ വസ്തുത അന്വേഷിക്കുകയും നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആവശ്യമായ നിയമസഹായം നൽകാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചതായി ക്രിസ്ത്യൻ ഐക്യവേദി വ്യക്തമാക്കി.തുടർന്ന് സംസ്ഥാന പോലീസ് മേധാവിക്കും ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയതായും സംഘടന അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷിയെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തതായും, തുടർന്ന് പ്രസ്തുത വാർത്ത പിൻവലിച്ചതായും ക്രിസ്ത്യൻ ഐക്യവേദി പറയുന്നു.കട്ടപ്പനയിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് രേഖപ്പെടുത്തിയ മൊഴിയുടെ പകർപ്പ് തങ്ങൾക്ക് ലഭിച്ചതായും സംഘടന വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധമാണെന്ന നിഗമനത്തിലാണ് തങ്ങളെത്തിയതെന്നും, പെന്തക്കോസ്ത് സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതിനായാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്ന് തങ്ങൾ കരുതുന്നതായും പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ പറഞ്ഞു.എന്നാൽ വാർത്ത സംബന്ധിച്ച് ക്ഷമാപണം നടത്തുകയോ വസ്തുത തിരുത്തി പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ എതിർകക്ഷി തയ്യാറായില്ലെന്നാണ് ക്രിസ്ത്യൻ ഐക്യവേദിയുടെ ആരോപണം. ഇതേത്തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചതെന്നും പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് നിയമനടപടികളുമായി മുന്നോട്ടുപോകുന്നതെന്നും, തങ്ങളുടെ സഹയാത്രികരുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് ഈ വിശദീകരണം നൽകുന്നതെന്നും ക്രിസ്ത്യൻ ഐക്യവേദി അറിയിച്ചു.
