“ക്രൈസ്തവർക്കെതിരായ വിവേചനം അവസാനിപ്പിക്കണം” — ക്രിസ്ത്യൻ ഐക്യവേദി.

പെന്തക്കോസ്ത് സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യവും സുവിശേഷ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്നതിനെതിരെ നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങുമെന്ന് ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് M. കുടക്കച്ചിറ

കട്ടപ്പന: രാജ്യവ്യാപകമായി ക്രൈസ്തവ സമൂഹം, പ്രത്യേകിച്ച് പെന്തക്കോസ്ത് വിഭാഗം, വിവിധ തരത്തിലുള്ള പീഡനങ്ങളും ഉപദ്രവങ്ങളും നേരിടുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ഐക്യവേദി രംഗത്ത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം, മതവിശ്വാസ സ്വാതന്ത്ര്യം, മതവിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശം എന്നിവയെ വെല്ലുവിളിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ക്രിസ്ത്യൻ ഐക്യവേദി ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിത വർഗീയവാദികളുടെ ഭാഗത്തുനിന്ന് ക്രൈസ്തവർക്കെതിരെ പീഡനങ്ങളും ആക്രമണങ്ങളും വർധിച്ചുവരുന്നതായി അദ്ദേഹം ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രവണതകൾക്ക് മൗനാനുകൂല്യമോ പിന്തുണയോ ലഭിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പെന്തക്കോസ്ത് സമൂഹത്തിന് വർഷങ്ങളായി ആരാധനാ സ്വാതന്ത്ര്യത്തിനും സുവിശേഷ പ്രവർത്തനങ്ങൾക്കും താരതമ്യേന അനുകൂലമായ അന്തരീക്ഷം ഉണ്ടായിരുന്നുവെന്ന് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ അടുത്ത കാലത്തായി പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാർത്ഥനാ യോഗങ്ങൾക്കും സുവിശേഷ പ്രവർത്തനങ്ങൾക്കും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി തടസ്സങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി അദ്ദേഹം ആരോപിച്ചു.

ചിലയിടങ്ങളിൽ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ക്രൈസ്തവ സെമിത്തേരികൾക്കെതിരെയും വിവിധ പരാതികൾ ഉന്നയിച്ച് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന പ്രവണത പല സ്ഥലങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സെമിത്തേരിക്ക് സമീപം പിന്നീട് വീട് നിർമിച്ചശേഷം, വീടിനടുത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നു എന്ന കാരണത്താൽ പരാതികൾ ഉന്നയിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സെമിത്തേരികളുടെ സ്ഥാനം സംബന്ധിച്ച നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും, നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളെയും സമൂഹങ്ങളെയും അനാവശ്യമായി ഉപദ്രവിക്കരുതെന്നും ക്രിസ്ത്യൻ ഐക്യവേദി ആവശ്യപ്പെട്ടു.പെന്തക്കോസ്ത് സമൂഹത്തിന്റെ ആരാധനയ്ക്കും സുവിശേഷ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, മറ്റു മതവിഭാഗങ്ങളുടെ ഉച്ചഭാഷിണി ഉപയോഗവും റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്ന ഘോഷയാത്രകളും സംബന്ധിച്ച് അധികാരികൾ ഇരട്ടത്താപ്പ് കാണിക്കരുതെന്നും പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പെന്തക്കോസ്ത് സമൂഹത്തിനെതിരായ അവകാശനിഷേധവും വിവേചനവും ഏതു ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ക്രിസ്ത്യൻ ഐക്യവേദി നിയമപരമായ പോരാട്ടത്തിന് ശക്തമായി മുന്നിട്ടിറങ്ങുമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.കട്ടപ്പനയിൽ നടത്തിയ പ്രസ്താവനയിലാണ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ ഇക്കാര്യം അറിയിച്ചത്.

gospeltvnews :9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify