
തിരുവനന്തപുരം : കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുന്ന യുഡിഎഫ് സർക്കാർ നടപടി ഇന്നും തുടരുകയാണ്. തുടർച്ചയായി രണ്ടാം ദിവസവും പോലീസ് വിദ്യാർത്ഥികൾക്കു നേരെ ക്രൂരമായി ലാത്തിച്ചാർജ് നടത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ നെഞ്ചിലാണ് ലാത്തികൊണ്ട് ആഞ്ഞടിച്ചത്. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഞ്ജീവിന് ശ്വാസതടസ്സം ഉള്‍പ്പെടെ നേരിടുന്നുണ്ട്. ഗുരതരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. ബോധപൂർവം സഞ്ജീവിനെ ആക്രമിച്ചാതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ ഒരു വിദ്യാർത്ഥിനിയുടെ കണ്ണിന് തൊട്ടുതാഴെ ആഴത്തിൽ മുറിവേൽപ്പിക്കുകയും മറ്റൊരു പെൺകുട്ടിയുടെ തലയ്ക്കടിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ജീവനുതന്നെ അപകടമുണ്ടാകും വിധത്തിലും അംഗഭംഗം വരുത്തുന്ന നിലയിലുമാണ് പോലീസിന്റെ ആക്രമണം.ന്യായമായ സമരങ്ങളെ ചോരയിൽ മുക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ന്യായീകരണങ്ങളിലൂടെ പുറത്തുവരുന്നത്. സമരകാരണം പരിഹാസത്തോടെ ചോദിക്കുന്നവർ, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് ജനാധിപത്യപരമായി പ്രതികരിക്കാനാണ് തയ്യാറാകേണ്ടത്. ബഹുസ്വര സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വരികൾ ഉൾക്കൊള്ളുന്ന വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗവും പാടുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായ യാതൊരു നിർബന്ധവുമില്ലാത്ത ഈ കാര്യം, കേവലം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. സർക്കാരിന്റെ ഈ സംഘപരിവാർ വിധേയത്വത്തെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ ശത്രുക്കളെപ്പോലെ കണ്ടാണ് പോലീസ് ക്രൂരമായി മർദ്ദിക്കുന്നത്.ദേശീയ തലത്തിൽ കേന്ദ്രസർക്കാരിനെതിരെയുള്ള വിദ്യാർത്ഥി സമരങ്ങളെ പിന്തുണയ്ക്കുന്നു എന്ന് അവകാശപ്പെടുന്നവരാണ് കോൺഗ്രസ് നേതൃത്വം. ഡൽഹി പോലീസിന്റെ പെല്ലറ്റ് ഗൺ പ്രയോഗങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന കോൺഗ്രസ്, സംസ്ഥാന ഭരണം കയ്യാളുന്ന കേരളത്തിൽ മോദി സർക്കാരിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായി മാറുകയാണ്. ധാരാളം പെൺകുട്ടികൾ പങ്കെടുക്കുന്ന സമരമായിട്ടും വനിതാ പോലീസിനെ നിയോഗിക്കുന്നില്ല. നെയിംബോർഡ് ധരിക്കാതെ എത്തുന്ന പുരുഷ പോലീസുകാരാണ് പ്രകോപനവും അക്രമവും ഉണ്ടാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഗൺമാൻമാർ എന്ന വ്യാജേന പേരില്ലാതെ എത്തുന്നവർ മനഃപൂർവം സംഘർഷം ഉണ്ടാക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമവാഴ്ച നടപ്പാക്കേണ്ട പോലീസിനെ തികച്ചും നിയമവിരുദ്ധമായാണ് സർക്കാർ ഉപയോഗിക്കുന്നത്. ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ വേഷം മാറിയെത്തി വിദ്യാർത്ഥികളെ ആക്രമിച്ച അതേ രീതിയാണ് ഇവിടെയും നടപ്പാക്കുന്നത്.നേരത്തെ, ജന്തർമന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനും യുഡിഎഫ് സർക്കാർ വലിയ ആവേശമാണ് കാണിച്ചത്. ആ കേസുകൾ പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടും, അതിന് ആവശ്യമായ നിർദ്ദേശങ്ങൾ സർക്കാർ അഭിഭാഷകർക്ക് നൽകാൻ കേരളത്തിലെ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും വിദ്യാർത്ഥികൾക്കെതിരായ കേസുകൾ എഴുതിത്തള്ളുമ്പോൾ, ഇവിടെ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് യുഡിഎഫ് സർക്കാർ കാണിക്കുന്നത്.സർക്കാരിന്റെ ഈ സംഘപരിവാർ ദാസ്യവേലയ്ക്കെതിരെ ഉയരുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന പൊലീസ് നടപടികൾക്കെതിരെ ശക്തമായ ജനരോഷം ഉയർന്നുവരേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് നേരെയുള്ള ഈ നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരും.
gospeltvnews 9451787589
