
തിരുവല്ല : കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥയും ചികിത്സാപിഴവും മൂലമാണെന്ന ആരോപണം ശക്തമാകുന്നതിനിടെ, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് United Pentecostal Council ആവശ്യപ്പെട്ടു.ആലപ്പുഴ സ്വദേശിനിയായ 29-കാരി ഫേബയുടെ മരണത്തിൽ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ കൗൺസിൽ, പ്രസവത്തിനിടെ രോഗിയുടെ ആരോഗ്യനിലയെ കുറിച്ച് കുടുംബാംഗങ്ങൾക്ക് യാതൊരു വ്യക്തമായ വിവരവും നൽകാതിരുന്നതും, ആവശ്യമായ സമയത്ത് വേണ്ട ചികിത്സ ലഭിക്കാതിരുന്നതുമെന്ന ആരോപണങ്ങൾ അതീവ ഗൗരവത്തോടെ അന്വേഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു.ആശുപത്രികൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉള്ള സംവിധാനങ്ങളായിരിക്കെ, ഇത്തരത്തിലുള്ള അനാസ്ഥകൾ ആവർത്തിക്കപ്പെടുന്നത് സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്നും, ആരോഗ്യരംഗത്തെ ഉത്തരവാദിത്തക്കുറവ് അംഗീകരിക്കാനാകില്ലെന്നും കൗൺസിൽ വ്യക്തമാക്കി.സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും, ആവശ്യമായ മേൽനോട്ടത്തിന്റെ അഭാവവും പലപ്പോഴും ഇത്തരം ദാരുണ സംഭവങ്ങൾക്ക് വഴിവെക്കുന്നതായി ആരോപിച്ച്, ആരോഗ്യവകുപ്പ് ശക്തമായ ഇടപെടൽ നടത്തണമെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സംവിധാനങ്ങൾ കൊണ്ടുവരണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.കുറ്റക്കാരായ മെഡിക്കൽ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടവരെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്ന് മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.ഈ ആവശ്യങ്ങൾ നാഷണൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിലും ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോണും ആവശ്യപ്പെട്ടതായി കൗൺസിൽ അറിയിച്ചു.മരണപ്പെട്ട ഫേബയുടെ കുടുംബത്തിനൊപ്പം പ്രാർത്ഥനയോടെ നിൽക്കുന്നതായും ദൈവം അവർക്കു ആശ്വാസവും ശക്തിയും നല്കട്ടെയെന്നും കൗൺസിൽ അറിയിച്ചു.
gospeltvnews :9451787589
