
പുനലൂർ : വെട്ടിത്തിട്ട ലിവിങ് വാട്ടർ ഹോസ്റ്റലിൽ ആറാം ക്ലാസുകാരനെ ആ സ്ഥാപനത്തിലെ പാചകക്കാരനും വാർഡനും ചേർന്ന് ക്രൂരമായി മർദ്ദിച്ച ശേഷം കയറുകൊണ്ട് കെട്ടി തലകീഴായി ഫാനിൽ കെട്ടി തൂക്കിയിട്ട സംഭവത്തിൽ സ്ഥാപനത്തിൻ്റെ ഉടമ പാസ്റ്റർ എം പ്രിൻസിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യം ശക്തമാകുന്നു. നിർധനരായ കുട്ടികളെ സ്കൂളിൽ പഠിപ്പിക്കാം എന്ന വ്യാജേന ഹോസ്റ്റലിൽ താമസിപ്പിക്കുകയും അവരെക്കൊണ്ട് ആ സ്ഥാപനത്തിനുള്ള ജോലികൾ എല്ലാം ചെയ്യിപ്പിക്കുകയാണ് എന്നാണ് പരാതി ഉയരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് കല്ല്, മണ്ണ്, ഇഷ്ടിക ചുമപ്പിക്കുകയും മുതിർന്നവർ ചെയ്യേണ്ട ജോലികൾ ഇവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നു. സുവിശേഷ പ്രവർത്തനങ്ങളുടെ പേരിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ കൃത്യമായി പോലീസ് അന്വേഷിക്കണമെന്നും കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി വ്യത്യാസമില്ലാതെ അഭിപ്രായങ്ങൾ ഉയർന്നു. അതോടൊപ്പം സുവിശേഷകന്മാരുടെ സ്വത്ത് വിവരങ്ങൾ ബിനാമി ഇടപാടുകളും വിദേശയാത്രകളും കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശക്തമായ ആവശ്യം ഉയർന്നുവരികയാണ്. കേരളത്തിലുള്ള പല സുവിശേഷ പ്രവർത്തകരും വിദേശരാജ്യങ്ങളിൽ നിന്ന് സുവിശേഷത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും വലിയ വീടുകൾ നിർമ്മിക്കുകയും എസ്റ്റേറ്റുകൾ വാങ്ങിക്കുകയും വില കൂടിയ വാഹനങ്ങൾ വാങ്ങിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് വേണ്ടി വരുന്ന പണം ഇവർ തങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും പണം തരുന്ന ആളുകളെ വഞ്ചിക്കുകയും ആണ് ചെയ്യുന്നത്. ഇവരുടെ ഇരകൾ ദുർബലരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരും ആണ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പലരും അഭിപ്രായപ്പെടുന്നു.
GospelTV News
