തിരുവല്ല: ചില പെന്തകോസ്ത് സംഘടനകളുടെ കൂട്ടായ്മയെന്ന വ്യാജ പേരിൽ പരോക്ഷമായി പുറത്തിറക്കിയ പ്രസ്താവനകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമായ ശ്രമമാണെന്ന് നേതാക്കൾ പ്രതികരിച്ചു.
പെന്തകോസ്ത് സമൂഹം സാധാരണയായി ഏതെങ്കിലും രാഷ്ട്രീയ മുന്നണിക്കോ പാർട്ടിക്കോ പരസ്യ പിന്തുണ പ്രഖ്യാപിക്കാറില്ലെന്നത് സത്യമാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലമായി കേരളത്തിൽ പെന്തകോസ്ത് സഭകൾക്കും ശുശ്രൂഷകർക്കും വിശ്വാസികൾക്കും നേരെ നിരവധി ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ശവസംസ്കാരം നടത്താൻ പോലും അനുവദിക്കാത്ത അവസ്ഥകൾ, ഡെഡ് ബോഡി വെച്ച് വിലപേശേണ്ടി വന്ന സംഭവങ്ങൾ, അനേകം സുവിശേഷകരെ മർദിച്ചതും സഭകൾക്ക് നേരെയുള്ള ആക്രമണങ്ങളും — ഇവയെല്ലാം പെന്തകോസ്ത് സമൂഹത്തിന് മറക്കാനാവാത്ത വേദനകളാണ്.
ഇത്തരം പ്രതിസന്ധികളിൽ പെന്തകോസ്ത് സമൂഹത്തിന്റെ പക്കൽ നിന്ന് യാഥാർത്ഥ്യത്തിൽ ഇടപെട്ടും സഹായിച്ചും നിന്നത് ഇടത് മുന്നണിയാണെന്ന് നേതാക്കൾ വ്യക്തമാക്കി. സമൂഹം നൽകിയ നിവേദനങ്ങൾക്ക് പരിഹാരം കാണുമെന്നും, ഈ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ ഉണ്ടാകെന്നും ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതെന്നും അവർ പറഞ്ഞു. സാധുക്കളായ സുവിശേഷകരുടെയും സാധാരണ വിശ്വാസികളുടെയും വേദനകൾ മറക്കാൻ കഴിയാത്തതിനാലാണ് ഈ നിലപാട് എടുത്തതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
അധികാരികതയുള്ള സംഘടനയുടെ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പിന്തുണ പ്രഖ്യാപിച്ചതെന്നും അവർ വ്യക്തമാക്കി. കേരളത്തിൽ ഇടത് മുന്നണിക്കാണ് യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിലിന്റെ പൂർണ്ണ പിന്തുണയെന്നും നേതാക്കൾ തുറന്നുപറഞ്ഞു.
ഇതിനിടെ തിരഞ്ഞെടുപ്പ് തലേ ദിവസം “ചില പെന്തകോസ്ത് സംഘടനകളുടെ കൂട്ടായ്മ” എന്ന വ്യാജ പേരിൽ പ്രസ്താവന ഇറക്കിയത് ദുരുദ്ദേശപരമാണെന്നും നേതാക്കൾ ആരോപിച്ചു. രജിസ്ട്രേഷൻ പോലും ഇല്ലാത്ത, ചില വ്യക്തികൾ തട്ടിക്കൂട്ടിയ സംഘടനയുടെ പേരിലാണ് ഈ പ്രസ്താവന പുറത്തിറങ്ങിയതെന്നും അവർ ചൂണ്ടിക്കാട്ടി.
ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ എതിർ രാഷ്ട്രീയ മുന്നണികളുമായി ഉണ്ടായ സാമ്പത്തിക ഇടപാടുകളും സ്ഥാനമാന വാഗ്ദാനങ്ങളും ഉള്ളതായുള്ള ഗുരുതര സംശയവും നേതാക്കൾ ഉയർത്തി. സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിൽ ഒരിക്കലും ഇടപെടാത്ത ചില നേതാക്കൾ ഇപ്പോൾ രംഗത്ത് വരുന്നത് വലിയ ഡീലുകളുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.
പെന്തകോസ്ത് സമൂഹത്തിന് പിന്തുണയായി നിന്ന ഒരു മുന്നണിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായാണ് ഈ നീക്കങ്ങളെ കാണുന്നതെന്നും, ഇത്തരം വ്യാജ സംഘടനകളുടെ പ്രസ്താവനകൾക്ക് യാതൊരു ആധികാരികതയും ഇല്ലെന്നും അവയെ പൂർണ്ണമായും തള്ളുന്നതായും യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിൽ നേതാക്കൾ അറിയിച്ചു.
