
തിരുവല്ല : ആന്ധ്രപ്രദേശിൽ പാസ്റ്റർമാർക്ക് നേരെ ഉണ്ടായ അതിക്രമ സംഭവത്തെ ശക്തമായി അപലപിച്ച് യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ രംഗത്ത്. ഇത്തരത്തിലുള്ള ക്രൂരമായ സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കരുതെന്നും കുറ്റക്കാരെ കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ, പെന്തെക്കോസ്ത് വിശ്വാസികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതായി കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. ഇത് രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തിനും സാമൂഹിക ഐക്യത്തിനും ഗുരുതരമായ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.ഇത്തരം സംഭവങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളും അടിയന്തരവും ശക്തവുമായ ഇടപെടൽ നടത്തണമെന്നും, വിശ്വാസികളുടെ ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷ ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഒരു വലിയ വിശ്വാസ സമൂഹത്തെ ഒറ്റപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിലും ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോണും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനവും മതസൗഹൃദവും നിലനിര്‍ത്താന്‍ ശക്തമായ നടപടി അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.
Manoj Mathew (Andra Pradesh)
