
കോട്ടയം: (03/04/2026) പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യം ഈ കാലഘട്ടത്തിന്റെ അനിവാര്യ ആവശ്യകതയാണെന്ന് യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ആവശ്യപ്പെട്ടു. യുപിസിയുടെ മീറ്റിങ്ങിലാണ് ഈ ആവശ്യം ശക്തമായി മുന്നോട്ടുവച്ചത്.
കേരളത്തിലെ പെന്തക്കോസ്ത് സമൂഹം നൂറ്റിരുപത്തഞ്ച് വർഷത്തിലധികം ചരിത്രം പിന്നിട്ടിട്ടും, ഇന്നുവരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന ശക്തമായ ഏകോപന സംവിധാനം രൂപം കൊണ്ടിട്ടില്ലെന്നത് ദുഃഖകരമായ യാഥാർത്ഥ്യമാണെന്ന് യോഗം വിലയിരുത്തി.
കുറച്ച് പേർ മാത്രം നേതൃസ്ഥാനങ്ങളിൽ തുടരുകയും, ആ സ്ഥാനങ്ങളുടെ ഗുണഫലങ്ങൾ അവർക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയാണ് ഇതിന് പ്രധാന കാരണമെന്നും, മറ്റ് ദൈവദാസന്മാരെയും വിശ്വാസികളെയും പിന്നിലാക്കുന്ന സമീപനം പാരമ്പര്യ വിഭാഗങ്ങളിൽ നിലനിൽക്കുന്നതായും യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഇന്ന് നൂറുകണക്കിന് ചെറിയ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അവയിൽ പലതും വ്യക്തിപരമായ അധികാരമോഹങ്ങളുടെയും സാമ്പത്തിക നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നതെന്നും, അതുകൊണ്ടുതന്നെ ഇത്തരം സംഘടനകൾ കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ നിലച്ചുപോകുന്നതായും യോഗം വിലയിരുത്തി.
യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ രൂപീകരിച്ചതിന്റെ പ്രധാന ലക്ഷ്യം താഴെത്തട്ടിലുള്ള ദൈവദാസന്മാർക്കും സഭകൾക്കും സംരക്ഷണം നൽകുക, പാസ്റ്റർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കുക, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സാ ആവശ്യങ്ങൾക്കും സഹായം നൽകുക, പ്രതിസന്ധിയിലായ സഭകൾക്ക് പിന്തുണ നൽകുക എന്നിവയാണെന്ന് നേതാക്കൾ വ്യക്തമാക്കി. സ്വതന്ത്ര സഭകളുടെ ഐക്യമാണ് കൗൺസിലിന്റെ അടിസ്ഥാനം എന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കൗൺസിൽ ശക്തമായി വളരുന്ന സാഹചര്യത്തിൽ, സോഷ്യൽ മീഡിയയിലൂടെ അപപ്രചാരണങ്ങളും നേതാക്കളെ ലക്ഷ്യമാക്കി വ്യക്തിപരമായ ആക്രമണങ്ങളും നടക്കുന്നുവെന്നും, സംഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാകുന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി.
എല്ലാവരും ദൈവത്തെ വിളിക്കുന്നവരായതിനാൽ പരസ്പരം ആരോപണങ്ങൾ ഉയർത്താതെ, ഒരുമിച്ച് സംവദിച്ച് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും യോഗം എടുത്തുകാട്ടി. ഐക്യത്തിലൂടെയാണ് പെന്തക്കോസ്ത് സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്താനാകുന്നതെന്നും കൗൺസിൽ വ്യക്തമാക്കി.
ഐക്യമാണ് ശക്തി… ഐക്യമാണ് ഭാവി.
ബാബു പറയത്തുകാട്ടിൽ
ജനറൽ പ്രസിഡന്റ്
പാസ്റ്റർ തോമസ് ശമുവൽ
ജനറൽ സെക്രട്ടറി
