
കണ്ണൂർ, പേരാവൂർ : കൊളക്കാട് താന്നിക്കുന്നിലെ ഒരു വീട്ടിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ ദാരുണ സംഭവം ഒരു നാടിന്റെ ഹൃദയം പിളർത്തിയിരിക്കുകയാണ്. “ഞാൻ അമ്മയെ കൊന്നു… ഇനി അച്ഛനെയും കൊല്ലണം” സ്വന്തം പെറ്റമ്മയുടെ ജീവൻ എടുത്ത ശേഷം യാതൊരു കൂസലുമില്ലാതെ മകൻ ഉച്ചരിച്ച ഈ വാക്കുകൾ കേട്ടവർ ഇന്നും ഞെട്ടലിൽ നിന്നുമാറിയിട്ടില്ല. ഗീതമ്മ (50) യെ മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ലഹരി എന്ന മഹാവിപത്തിന്റെ ഭീകരമുഖം വീണ്ടും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.വീട്ടിനകത്ത് അമ്മയുടെ ജീവൻ കവർന്ന ശേഷം, കൈകളിലും വസ്ത്രങ്ങളിലും ചോരപ്പാടുകളുമായി ക്രിസ്റ്റി അയൽവാസിയുടെ അടുത്തേക്ക് ചെന്നു. “എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവിടൂ… ഞാൻ അമ്മയെ കൊന്നു” എന്ന് പറഞ്ഞപ്പോൾ ആദ്യം തമാശയാണെന്നാണ് അയൽവാസി കരുതിയത്. പക്ഷേ രക്തം തേച്ച കൈകളും ശരീരത്തിൽ നിന്നുയർന്ന ചോരമണവും കണ്ടപ്പോൾ ആ യുവാവ് വിറച്ചുപോയി.ഒരിക്കൽ ഉന്നത പഠനത്തിനായി ബംഗളൂരുവിലേക്ക് പോയ പ്രതീക്ഷകളുടെ മകനായിരുന്നു ക്രിസ്റ്റി. ബി.സി.എ വിദ്യാർത്ഥിയായിരുന്ന ഇയാൾ, ലഹരിമരുന്നിന്റെ പിടിയിൽപ്പെട്ടതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.മകനെ ആ ഇരുണ്ട ലോകത്തിൽ നിന്ന് രക്ഷിക്കാനായി ഗീതമ്മ നടത്തിയ പരിശ്രമങ്ങൾ കണ്ണുനനയിപ്പിക്കുന്നതാണ്. ഉപദേശവും സ്നേഹവും കരുതലുമായി മകനെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആ അമ്മ നടത്തിയ പോരാട്ടം ഒടുവിൽ സ്വന്തം ജീവൻകൊണ്ട് അവസാനിച്ചു.മകളെ വിവാഹം കഴിപ്പിച്ച്, ഏക മകനെ നല്ല നിലയിലെത്തിക്കണമെന്ന സ്വപ്നം മാത്രം നെഞ്ചിലേറ്റി ജീവിച്ച ആ അമ്മയ്ക്ക്, അതേ മകന്റെ കൈകളിൽ മരണപ്പെടേണ്ടിവന്നത് ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും വേദനയായി മാറിയിരിക്കുന്നു.ലഹരി വാങ്ങാൻ പണം ചോദിച്ചുള്ള തർക്കങ്ങൾ വീട്ടിൽ പതിവായിരുന്നുവെന്നും, അമ്മയുടെ നിരന്തര ഉപദേശങ്ങൾ മകന്റെ മനസ്സിൽ വിരോധമായി വളർന്നുവെന്നുമാണ് വിവരം.ഒരു അമ്മയുടെ സ്നേഹവും ത്യാഗവും ഒടുവിൽ കണ്ണീരിൽ അവസാനിച്ച ഈ സംഭവം, ലഹരി മനുഷ്യനെ എത്രത്തോളം വിവേകശൂന്യനാക്കുമെന്നതിന്റെ അത്യന്തം ദാരുണ ഉദാഹരണമായി മാറിയിരിക്കുകയാണ്.ഇന്ന് ആ വീട്ടിൽ മുഴങ്ങുന്നത് ഒരു അമ്മയുടെ ചിരിയല്ല… മൗനമായ വേദനയും കണ്ണീരും മാത്രം.
Gospel News
