
പാലാ: മഴ കുറഞ്ഞിട്ടും പാലായിലും സമീപ പ്രദേശങ്ങളിലും വെള്ളമിറങ്ങാത്ത സാഹചര്യത്തിൽ, മീനച്ചിലാറ്റിലെയും മറ്റ് അനുബന്ധ തോടുകളിലെയും മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് മാണി സി കാപ്പൻ എംഎൽഎ ആവശ്യപ്പെട്ടു. ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക പ്രതികരണത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
പാലായുടെ സമീപകാല ചരിത്രത്തിൽ ഇല്ലാത്ത വിധത്തിലുള്ള വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായതെന്ന് എംഎൽഎ പറഞ്ഞു. സാധാരണഗതിയിൽ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ടോ അല്ലെങ്കിൽ ഒരു ദിവസത്തിനുള്ളിലോ വെള്ളം ഇറങ്ങിപ്പോകാറുള്ളതാണ്. എന്നാൽ ഇത്തവണ മഴ മാറിയിട്ടും വെള്ളം ഇറങ്ങുന്നത് വളരെ സാവധാനത്തിലാണ്. ഉരുൾപൊട്ടലിനെ തുടർന്ന് അപ്രതീക്ഷിതമായി വെളുപ്പിന് വെള്ളം കയറിയതിനാൽ ജനങ്ങൾക്ക് മുൻകരുതൽ എടുക്കാനോ സാധനങ്ങൾ മാറ്റാനോ കഴിഞ്ഞില്ല. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി വളർത്തുമൃഗങ്ങൾ ചത്തുപോവുകയും ചെയ്തു. വ്യാപാരികൾക്കാണ് ഏറ്റവും വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നത്. ഈ വിഷയം മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും കാപ്പൻ വ്യക്തമാക്കി.
മീനച്ചിലാറ്റിലെ ജലനിരപ്പ് ഇപ്പോഴും ഉയർന്നു നിൽക്കുന്നതാണ് വെള്ളം പെട്ടെന്ന് ഇറങ്ങിപ്പോകാൻ പ്രധാന തടസ്സമാകുന്നത്. ആറിന്റെയും തോടുകളുടെയും അടിത്തട്ടിൽ വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞുകൂടിയിരിക്കുകയാണ്. കൂടാതെ ഇരുവശങ്ങളിലും മരങ്ങൾ വളർന്നു നിൽക്കുന്നു. ഇവ അടിയന്തരമായി നീക്കം ചെയ്ത് ആഴം വർദ്ധിപ്പിച്ചില്ലെങ്കിൽ ഇനിയും സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാം. സാധാരണ പറമ്പിൽ നിൽക്കുന്ന മരങ്ങൾ വളരുന്നതിനേക്കാൾ പത്തിരട്ടി വേഗത്തിലാണ് ആറിൻ്റെ തീരത്തെ മരങ്ങൾ വളരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് കൊല്ലപ്പള്ളിയിലെ തോടുകൾ വൃത്തിയാക്കിയപ്പോൾ വെള്ളപ്പൊക്കം ഒഴിവായിരുന്നുവെങ്കിലും വീണ്ടും മണ്ണും ചെളിയും അടിഞ്ഞുകൂടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നദികളുടെയും തോടുകളുടെയും ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ തന്നെ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളതാണ്. ഇല്ലിക്കൽ മുതൽ പാലാ അതിർത്തി വരെയുള്ള ഭാഗത്തെ ആറും തോടുകളും പൂർണ്ണമായും വൃത്തിയാക്കുകയാണെങ്കിൽ ഏകദേശം 200 കോടി രൂപയുടെ കല്ലും മണ്ണും സർക്കാരിന് ലഭിക്കുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം സർക്കാരിന് സാമ്പത്തിക ലാഭവും ഉണ്ടാക്കാൻ ഈ നടപടിയിലൂടെ സാധിക്കും. രാഷ്ട്രീയ വിവാദങ്ങളെ ഭയക്കാതെ, ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നദികളുടെ ആഴം കൂട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
