
തിരുവല്ല : കേരളത്തിൽ മാറിമാറി അധികാരത്തിലെത്തിയ സർക്കാറുകൾ ഇന്നുവരെയും പെന്തക്കോസ്ത് സമൂഹത്തോടുള്ള അവഗണനാപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (യു.പി.സി) ദേശീയ-സംസ്ഥാന ഭാരവാഹികളുടെ സംയുക്തയോഗം വിലയിരുത്തി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പെന്തക്കോസ്ത് സമൂഹത്തിന് ആവശ്യമായ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്നുവരുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു ഗൗരവമായ നടപടിയും ഉണ്ടായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.സംസ്ഥാന രാഷ്ട്രീയ രംഗത്തും പെന്തക്കോസ്ത് സമൂഹം തുടർച്ചയായി അവഗണിക്കപ്പെടുകയാണെന്നും, ഒരു രാഷ്ട്രീയ പാർട്ടിയും സമൂഹത്തിൽ നിന്നുള്ള പ്രതിനിധികളെ നിയമസഭയിലേക്കോ പാർലമെന്റിലേക്കോ മതിയായ രീതിയിൽ പരിഗണിച്ചിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. നിലവിൽ പൊതുരംഗത്ത് ശ്രദ്ധേയനായ വി.എസ് ജോയ് പോലും ചെറുപ്പം മുതൽ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായിരുന്നതിനാലാണ് ഉയർന്നുവന്നതെന്നും, അതിനെ പെന്തക്കോസ്ത് സമൂഹത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യമായി കാണാനാകില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.കേരളത്തിലെ പാരമ്പര്യ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിനെതിരെയും യോഗം വിമർശനം ഉന്നയിച്ചു. വർഷങ്ങളായി പെന്തക്കോസ്ത് സമൂഹം വിവിധ മേഖലകളിൽ അവഗണന നേരിട്ടിട്ടും, സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കാനോ അധികാര കേന്ദ്രങ്ങളിൽ ഇടപെടലുകൾ നടത്താനോ പല സഭാ നേതൃത്വങ്ങളും തയ്യാറായിട്ടില്ലെന്ന് യു.പി.സി ആരോപിച്ചു. താഴേക്കിടയിലുള്ള ശുശ്രൂഷകരുടെയും സാധാരണ വിശ്വാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടാത്ത സാഹചര്യത്തിൽ പാരമ്പര്യ സഭകളോടുള്ള അസംതൃപ്തി വിശ്വാസികൾക്കിടയിൽ വർധിച്ചുവരികയാണെന്നും യോഗം വിലയിരുത്തി.ഇത്തരം സാഹചര്യങ്ങളിലാണ് സ്വതന്ത്ര സഭകളുടെയും പാരമ്പര്യ സഭകളിൽ അസംതൃപ്തരായ വിശ്വാസികളുടെയും ശുശ്രൂഷകരുടെയും വലിയ കൂട്ടായ്മയായി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ രൂപംകൊണ്ടിരിക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
കേരളത്തിലെ സ്വതന്ത്ര സഭകൾക്ക് വലിയ അംഗബലവും സ്വാധീനവും ഉണ്ടെന്നും, അവരുടെ ശബ്ദം അവഗണിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു.ആർ ഭരണത്തിൽ വന്നാലും പെന്തക്കോസ്ത് സമൂഹത്തിന്റെ നീതിയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ ജനാധിപത്യ ഇടപെടലുകളും പ്രക്ഷോഭ പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്ന് യു.പി.സി പ്രഖ്യാപിച്ചു. പ്രത്യേകിച്ച് സാമ്പത്തികവും സാമൂഹികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ശുശ്രൂഷകരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം, ചർച്ചുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിശ്വാസികളുടെ അവകാശങ്ങൾ എന്നിവ മുൻനിർത്തി സംസ്ഥാന വ്യാപക പ്രവർത്തന പദ്ധതികൾ ആരംഭിക്കാനും ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് പാസ്റ്റർ സി.കെ. തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ പ്രസിഡന്റ് ശ്രീ ബാബു പറയത്തുകാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.പാസ്റ്റർമാരായ രാജു കുഴിമറ്റം, സാബു ജോൺ, സുരൻ സീനായി,ബോസ് ഏബ്രഹാം, മാത്യു സാമുവേൽ നിലമ്പൂർ, ജിജു തിരുവനന്തപുരം, സാബു ആൻഡ്രൂസ്,, ഡോ. ജെയിംസ് മൂവാറ്റുപുഴ, പുന്നൂസ് തൊടുപുഴ, സൂസൻ ബി. പുന്നൂസ് എന്നിവർ പ്രസംഗിച്ചു.
Gospeltvnews : 9451787589
